വിത
എഴുതിയത് സജീവ് കടവനാട് സമയം July 20, 2020 1 അഭിപ്രായങ്ങള്‍
വിഭാഗം കവിത
ക്ഷമാപണം
അല്ലയോ മാർക്സ്, ക്ഷമിച്ചേക്കുക
കുഴിമാടത്തിൽ നിന്നും ഉയിർത്തുവന്ന്
ജീവച്ഛവങ്ങളായ ഞങ്ങൾക്ക്
ഒരെളുപ്പവഴി പറഞ്ഞു തന്നേക്കണേ...
എഴുതിയത് സജീവ് കടവനാട് സമയം July 02, 2013 5 അഭിപ്രായങ്ങള്‍
വിഭാഗം കവിത, രാഷ്ട്രീയം
കവിതയുടെ വറ്റാക്കലത്തിലേക്ക് വീണ്ടുമെത്തുമ്പോൾ
ജ്യോനവന്റെ പുസ്തകം എന്ന ആഗ്രഹം സഫലമാകുന്നു. 'പൊട്ടക്കലം', ബുക്റിപ്പബ്ലിക്കിൽ ഒരുങ്ങുന്നു. ടി.പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ‘, വി.എം ദേവദാസിന്റെ ‘ഡിൽഡോ‘ (ആറുമരണങ്ങളുടെ പൾപ് ഫിക്ഷൻ പാഠപുസ്തകം) എന്നിവക്കു ശേഷം മൂന്നാമത്തെ പുസ്തകം.
‘പൊട്ടക്കല‘ത്തിന്റെപ്രസാധനത്തിനു മുൻപ് ഒരു കുറിപ്പ് എഴുതണമല്ലോ എന്നോര്‍ത്തു നടക്കുമ്പോള്‍ "പവിത്രമായ പാതകളേ, പാവനമായ വേഗതകളേ" എന്ന് അവന്റെ അവസാന കവിതയോര്‍മ്മിപ്പിച്ച് മുത്തീനയിലെ സിഗ്നലില്‍ ഒരു ബംഗാളിപ്പയ്യൻ കാറിടിച്ച് സൈക്കിളില്‍ നിന്ന് അകലെ തെറിച്ചുവീഴുന്നു. ജനനത്തേയും ജീവിതത്തേയും മരണത്തേയും ഓര്‍മ്മിപ്പിക്കുന്ന സിഗ്നലില്‍ നിന്ന് ചുവപ്പ് അവനിലേക്ക് പടരുന്നു.
"ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്"!
അവസാന കവിതയിലെ അവസാന വരിയില്‍ 'ഹമ്മര്‍' കയറിയിറങ്ങുന്നതെഴുതി അതേ കവിതയിലെ കമന്റില്‍ 'ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ' എന്ന് പറഞ്ഞ് ജ്യോനവന്‍ വാക്കുപാലിച്ചു. ജീവിതവുമല്ല മരണവുമല്ലാത്ത കോമയിലേക്ക് അവനെ കൊണ്ടുപോയതിനും പത്തുദിവസം കഴിഞ്ഞാണ് അവന്റെ ബ്ലോഗിലെ ഒരു കമന്റിലൂടെ അപകട വിവരം അറിയുന്നത്. ബ്ലോഗില്‍ ജ്യോനവന്‍ എന്ന അനോണിപേരിലെഴുതുകയും തന്റെ അനോണിത്വം സൂക്ഷിക്കുകയും ചെയ്തിരുന്നതിനാല്‍ അപകടവിവരം സ്ഥിരീകരിക്കുന്നതിനും കുവൈത്തിലെ ഹോസ്പിറ്റലില്‍ കോമയില്‍ കഴിയുകയാണന്നറിയുന്നതിനും പിന്നെയും മണിക്കൂറുകള്‍... ഒടുവില്‍ ബൂലോകത്തെ എല്ലാപ്രാര്‍ത്ഥനകളേയും വെറുതെയാക്കി ജ്യോനവന്‍ എന്ന തൂലികാനാമവും തന്റെ എഴുത്തിടമായ പൊട്ടക്കലത്തില്‍ ഒത്തിരി കവിതകളും ബാക്കിവെച്ച് നവീൻ ജോർജ്ജ്‍ വിടപറഞ്ഞു.
മലയാള കവിതയില്‍ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രാരംഭദശ അടയാളപ്പെടുത്തുന്നതാണ് ജ്യോനവന്റെ ബ്ലോഗിലെ അവസാനകവിതകളില്‍ പലതും. ജീവിക്കുന്ന കാലഘട്ടത്തില്‍ നിന്ന് അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്ന ചില ശീലങ്ങള്‍ പോലെ രാസമാറ്റം പ്രകടമാണ്.
ചെവിയുരിഞ്ഞുവീഴുന്നതിനൊപ്പം ചെവിയിലൂടെ കയറിയിറങ്ങുന്ന ഞരക്കത്തെ സങ്കല്പ്പിക്കുമ്പോള്‍ ഹമ്മര്‍ വെറും വാഹനമായി വായിക്കേണ്ടതല്ല. അതിനപ്പുറം വായനകളുള്ള ചില പരീക്ഷണങ്ങളുടെ തുടര്‍ച്ചയുണ്ട് വരികളില്‍. ആ തുടര്‍ച്ചയാണ് കവിതക്കു നഷ്ടമായത്. അക്ഷരങ്ങളെ തിരിച്ചുംമറിച്ചുമിട്ട് വാക്കര്‍ത്ഥങ്ങളിലെ വ്യതിയാനത്തിനൊപ്പം ആശയത്തെ കീഴ്മേല്‍ മറിക്കുന്ന ജാലവിദ്യയുണ്ട് ചില കവിതകളില്‍. മരണത്തെ മുങ്കൂട്ടി കണ്ടുവെന്ന് വായനക്കാര്‍ വിലപിച്ച വരികളിങ്ങനെ;
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!
വിവാഹം ഉറപ്പിച്ചുവെച്ച കാലത്തെ കവിതയില്‍!
മറ്റൊരു കവിതയില്‍ ആ തിരിഞ്ഞുകിടക്കല്‍ ഇങ്ങിനെയായിരുന്നു:
മനോഹരാ മനോഹരീ...
തിരിഞ്ഞു കിടക്കുന്ന
നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍...
വാക്കുകള്‍ കൊണ്ടുള്ള ഈ കളി അക്ഷരതെറ്റിനെക്കുറിച്ചുള്ള മറ്റൊരു കവിതയില്‍;
ഏച്ചുകെട്ടിയാല്‍
മുലച്ചിരിക്കും
എന്നെഴുതിയതിന്
നാലാംക്ലാസില്‍ വച്ച്
ടീച്ചറെന്നെ സൈക്കിള്‍
ചവിട്ടിച്ചിട്ടുണ്ട്.
മുഴ മുഴ എന്നു നൂറുവട്ടം
ഇംപോസിഷന്‍
തന്നിട്ടുണ്ട്.
ദൈവം
ചെയ്തുപോയൊരു
തെറ്റിന്
എന്നെയെന്തിനു വെറുതെ...
ആ ഏച്ചുകെട്ടല്‍ ആദത്തിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയിലേക്കു മുഴച്ചതായി വായിക്കപ്പെടുമ്പോള്‍ അക്ഷരതെറ്റു പോലും ഗൂഢാര്‍ത്ഥങ്ങളുള്ള കവിതകളാണല്ലോ എന്ന് ആശ്ചര്യപ്പെടുന്നു. അക്ഷരങ്ങളില്‍ മാത്രമല്ല എഴുത്തിലുപയോഗിക്കുന്ന ചിഹ്നങ്ങളെപ്പോലും നല്ല നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട് ഇയാള്‍. ചിഹ്നങ്ങളുടെ ശരീരഭാഷ വിവരിക്കുന്ന ‘വിശപ്പ് എപ്പോഴും ഒരു കോമ’ എന്ന കവിതയില്‍ ചിഹ്നങ്ങളെ വിശപ്പായും അതുമായി ബന്ധപ്പെട്ട അരിവാള്‍, അരിമണി തുടങ്ങിയവയുടെ 'പലപോസിലുള്ള ചിത്രങ്ങളായും' വരച്ചിടുന്നു.
വിശപ്പു് എപ്പോഴും ഒരു കോമ
ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്
ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍
പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി
വിശപ്പു് എപ്പോഴും ഒരു കോമ
ഒട്ടിയ വയറുള്ള
ഉടല്‍ വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം.
ജീവിച്ചിരിക്കുന്നതിന്റെ ബദ്ധപ്പാടുകളെക്കുറിച്ചെഴുതി, അടയാളങ്ങളുടെ മറവിയടുക്കില്‍ വരകള്‍ തെളിച്ചിട്ട് മരണത്തിലേക്ക് അതിവേഗം അവന്‍ യാത്ര പോയി. എഴുതിതുടങ്ങുന്ന ഏതൊരാളെപ്പോലെയും ഒരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ സ്വപ്നങ്ങള്‍ ബാക്കിയായിരുന്നിരിക്കാം. അവനില്ലാതെ അവന്റെ പുസ്തകം പുറത്തിറങ്ങയാണ്. എവിടെയിരുന്നായാലും നമ്മളെപ്പോലെ അവനുമിപ്പോള്‍ സന്തോഷിക്കയായിരിക്കും.
എഴുതിയത് സജീവ് കടവനാട് സമയം July 14, 2012 0 അഭിപ്രായങ്ങള്‍
വിഭാഗം ജ്യോനവൻ, പലവക, പുസ്തകപ്രസാധനം, ബൂലോകം
ഒറ്റക്കാലിൽ നൃത്തം ചെയ്യുന്നവളേ നിന്നെക്കുറിച്ചാകുമ്പോൾ...
ഒറ്റക്കാലിൽ
ഒരായുസ്സ് പകരം കൊടുത്ത്
ചുവടുവെക്കുന്നുണ്ട്
ഒടുങ്ങാത്ത ചില ദാഹങ്ങളെ
അറിഞ്ഞു തന്നെയാകാം
കൊടുംവേനലുഷ്ണങ്ങളുടെ
ശമനതാളം
മഴപെയ്യുമ്പോൾ
നിന്റെ നൃത്തം
ഹാ! എന്ത് ചേല്
അപ്പോഴും
പനിപിടിക്കല്ലേ എന്ന്
നിന്റെ തണലിലേക്കെന്നെ ചേർത്ത്...
ഒറ്റക്കൊരുമരമൊരു കാടാകുമെന്ന്
പറഞ്ഞതാരാണ്
എനിക്കുകാണാം
കൈകൾ മേലോട്ടുയർത്തി
മഴനനഞ്ഞ്
മഴനനഞ്ഞ്
ഒറ്റക്കാലിൽ ചുവടുവെച്ച്
ഒരു കാട്
ഞാനാസ്വദിക്കട്ടെ
ഞാനാസ്വദിക്കട്ടെ
ഓരോപോറലും
നിന്നെയുലക്കുന്ന
നിന്നിലൊലിക്കുന്ന
നിന്നെ വീഴ്ത്തുന്ന...
നിനക്കറിയാമോ
നിന്നെക്കുറിച്ചാകുമ്പോൾ
എല്ലാം മനോഹരമാണ്....
എഴുതിയത് സജീവ് കടവനാട് സമയം April 28, 2012 1 അഭിപ്രായങ്ങള്‍
നമുക്കിടയിലെ വഴിയിൽ
അന്നൊന്നും നമ്മുടെ വഴികളിങ്ങനെ
മുറുകെപ്പിടിക്കും തോറും
ഊര്‍ന്നുപോകുന്ന
വരണ്ടമണല്‍ത്തരികളിലേക്ക്
വിരലുപായിച്ച്
ഒറ്റപ്പൂവും ഗര്‍ഭം ധരിക്കാത്ത
മൈതാന മധ്യത്തിലെ
ഒറ്റമരം പോലെ
തനിച്ചായിരുന്നില്ല
കെട്ടു പിരിഞ്ഞ്
ചുറ്റിപ്പുണര്‍ന്ന്
ഈര്‍പ്പങ്ങളില്‍ സ്വയം പടര്‍ന്ന്
ഇഴചേര്‍ന്ന്
ഇഴചേര്‍ന്ന്
പിരിച്ചെടുക്കപ്പെടാനാവാത്ത
വേരുകൾ
പൂക്കുകയായിരുന്നു നാം
പൂക്കാലങ്ങളെ
വിലക്കു വാങ്ങാറല്ല
ഇന്നിപ്പോള്‍
തിരക്കൊഴിയാത്ത
തെരുവിന്റെ തിരിവില്‍
വീട്ടിലേക്ക്
ഒറ്റ വഴിയാണ്
വീട്ടിലേക്കുള്ള
വഴിയില്‍
വീട്ടിലേക്കുള്ള വഴിമാത്രം
അന്നൊക്കെ
വഴിയരികിൽ
ചുമലിലെ ചുമടു
പങ്കുവെക്കപ്പെടാൻ
ഒരത്താണി
വരണ്ടുപോകുമ്പോൾ
ജീവിതമൊന്നു നനച്ചെടുക്കാൻ
ഒരു തണ്ണീർ പന്തൽ
പിടിച്ചു നിൽക്കാൻ
ഒരു കൈവരി
കൈത്താങ്ങ്
തിരക്കിന്റെ തെരുവിൽ നിന്ന്
വീട്ടിലേക്കും തിരിച്ചും
നീ എന്നെക്കണ്ടോ
നീ എന്നെക്കണ്ടോ
എന്ന്
അവനവനെ തിരക്കിയുള്ള
ഓട്ടത്തിനിടയിൽ
കാലടിയിൽനിന്ന്
ഊർന്നുപോയ
ഭൂമിയെക്കുറിച്ച്
ഒരാറു ഖണ്ഡം
പ്രബന്ധം
നമുക്കിടയിലെ വഴി.
എഴുതിയത് സജീവ് കടവനാട് സമയം August 20, 2011 0 അഭിപ്രായങ്ങള്‍
വിഭാഗം കവിത
ലീലാവതി ടീച്ചറുടെ 'സാഹിത്യ ‘ചരിത്രം’' ചോദ്യം ചെയ്യപ്പെടുമ്പോള്‍...
ഇത് അരണ്ട ഭാഷയിലുള്ള ഒരു പാട്ടാണ്.
എകറ് = ചിറക്
തൂങ്ക് = തൊങ്ങി, തൂങ്ങി
വാന്‍ = വാനം, ആകാശം
അല = കടലല, തിരമാല
ഞാറ് = ഞങ്ങള്‍
പാറുമാ = പറക്കുന്നു
ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നോ; അല്ലെങ്കില്‍ അല്പം കവി ഭാവനയില്‍ ഞങ്ങള്‍ പക്ഷികളെപ്പോലെ ചിറകടിച്ച് ആകാശത്തിന്റെ അനന്ത നീലിമയില്‍ സര്‍വ്വതന്ത്ര സ്വതന്ത്രരായി അലമാലകള്‍ പോലെ തൊങ്ങല്‍ ചാര്‍ത്തി ആര്‍ത്തലച്ച് പറക്കുന്നുവെന്നോ ആകാം. ഹാ! എത്ര മനോഹരമായ ദൃശ്യചാരുത.
‘അരണ്ടഭാഷയും ആദിമലയാളവും’ എന്ന വിജയന്‍ വള്ളിക്കാവിന്റെ പുസ്തകത്തിലെ അതേപേരിലുള്ള ലേഖനത്തിലേതാണ് മേലേ കുറിച്ച ഖണ്ഡിക.
ഭാഷാചരിത്രത്തിലേക്ക് മുതല്‍കൂട്ടാകുമെന്നു തോന്നിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ പേരെന്നിരിക്കിലും ‘ഞാനെന്ന പ്രസ്ഥാനത്തിന്റെ’ സഹിക്കലുകളും കഷ്ടപ്പെടലുകളും മഹത്വവത്കരിക്കാനുള്ള തത്രപ്പെടലുകളാണു അകത്തുള്ള ലേഖനങ്ങളില്‍ നിറയെ.
അക്കാദമിക തലത്തില്‍ ഏറെ റഫര്‍ ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമാണ് ഡോ. എം. ലീലാവതിയുടെ ‘മലയാള സാഹിത്യ ചരിത്രം’. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ചരിത്രം പറയുന്ന ഗ്രന്ഥം. ‘മലയാള കവിതാ സാഹിത്യത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചിറങ്ങിയ പണ്ഡിതയായ ലീലാവതി ടീച്ചര്‍ ഒരു ഇംഗ്ലീഷു പുസ്തകം പരിഭാഷപ്പെടുത്തി വെച്ചതാണെന്നു തോന്നും’ മേല്‍പ്പറഞ്ഞ പുസ്തകം എന്ന് ആരോപിച്ചു കൊണ്ടാണ് ‘അരണ്ട ഭാഷയും ആദിമലയാളവും’ എന്ന ലേഖനം തുടങ്ങുന്നത്.
ജോഷ്വാ വിറ്റ്മോഗ് എന്ന പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞന്‍ തന്റെ ശൈലിയില്‍ ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്വാഭാവികമായി വന്നു ചേര്‍ന്ന തെറ്റു പോലും(കോഴിക്കോട് കാലിക്കറ്റും, കൊല്ലം കൊയ്ലോണും ആകുമ്പോലെ) യാതൊരു പഠനത്തിനും വിധേയമാക്കാതെ അതേ പോലെ എടുത്തെഴുതുകയും അതിന് വ്യാഖ്യാനം ചമയ്ക്കുകയും ചെയ്തിരിക്കുന്നു ടീച്ചര്‍.
‘എകറ് തൂങ്ക് വാനല ഞാറ് പാറുമാ...’ അരണ്ടമലയാളത്തിലെ ഈ പാട്ടിനെ സായിപ്പെഴുതിയ പോലെ ‘എല്‍ക്കീറ തൂങ്ക് വാനലഞാറ്പാറുമാ...’ എന്ന് തെറ്റിച്ചെഴുതിയതിലല്ല, മറിച്ച് തെറ്റിന് യാതൊരു വിധവും ന്യായീകരിക്കാനാകാത്തൊരു പുളുന്തന്‍ വ്യാഖ്യാനം കൂടി അവതരിപ്പിച്ചതിലാണ് ലേഖകനോടൊപ്പം നാമും സങ്കടപ്പെടേണ്ടിയിരിക്കുന്നത്.
ഞങ്ങള്‍ ആകാശത്തില്‍ തൂങ്ങിക്കിടന്ന് കടലലപോലെ ചിറകടിച്ച് പറക്കുന്നു എന്നതിനേക്കാള്‍ sky in our bones we go round and round എന്ന് എല്ലുകീറി പറക്കുന്ന പക്ഷികള്‍ നമുക്ക് എന്തു ഭാവനയാണ് തരുന്നതെന്ന സാമാന്യബോധമെങ്കിലും ടീച്ചര്‍ക്കുണ്ടാകണമായിരുന്നു എന്ന് ലേഖകന്‍ പറയുന്നതില്‍ കഴമ്പില്ലാതില്ല. പാതിമാത്രം ദഹിക്കുന്ന സാഹിത്യം കഴിച്ച് ദഹനക്കേട് പിടിക്കാന്‍ വിധിക്കപ്പെട്ട വായനക്കാര്‍ക്ക് ടീച്ചറിന്റെ വ്യാഖ്യാനം വെള്ളം തൊടാതെ വിഴുങ്ങുകയെ നിവൃത്തിയുള്ളൂ. അങ്ങനെ വിഴുങ്ങിയ ഒരുവനു പെട്ടെന്നിത്തിരി ദഹനത്തിനു മരുന്നു കിട്ടിയവന്റെ ആശ്വാസം തരുന്നുണ്ട് ലേഖനം തരുന്ന തിരുത്ത്.
മലയാളത്തില്‍ എറക് എന്നൊരു വാക്കുണ്ട്. ഇതിന് സമാനമായി തമിഴില്‍ ഇറക്, എകിറ്, റക്ക എന്നിങ്ങനെ വക ഭേദങ്ങളുമുണ്ട്. മാത്രമല്ല ആദിമലയാളത്തിലെ പല വാക്കുകളും ഇന്നും കേരളത്തിലെ ദളിത്, ആദിവാസി സമൂഹങ്ങള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വരേണ്യവര്‍ഗ്ഗഭാഷാ പണ്ടിതര്‍ ഇതൊന്നും കണ്ടെത്തുവാനോ മനസിലാക്കുവാനോ സന്നദ്ധരല്ല. തൊലി വെളുത്ത സായിപ്പിന്റെ ആര്യഭാഷാമഹത്വം ഉദ്ഘോഷിക്കല്‍ ഔത്തരാഹ ഭാഷയും സംസ്കാരവും മഹത്തരമെന്നു വിശ്വസിക്കുന്ന നമ്മുടെ ഭാഷാപണ്ഡിതര്‍ക്ക് ഏറ്റു ചൊല്ലുവാനേ കഴിയൂ. അവരെ പകര്‍ത്തിയെഴുതിക്കൊണ്ടു ഭാഷയ്ക്കു മഹത്തരമായ സേവനങ്ങള്‍ ചെയ്യുക എന്നതല്ലാതെ നമ്മുടെ പണ്ഡിതര്‍ക്കു മറ്റെന്താണു ചെയ്യാനുള്ളത്. അതുകൊണ്ടു തന്നെ നമുക്ക് പക്ഷികള്‍ എല്ല് കീറിക്കൊണ്ട് ആകാശത്തില്‍ റാകിപ്പറക്കുന്ന സാഹിത്യഭാവനക്കകത്തു നിന്നുകൊണ്ടുള്ള പഠനങ്ങളില്‍ തൃപ്തരാകാമെന്ന് ലേഖനത്തിലൂടെ ആശ്വസിക്കുന്നു വിജയന്‍ വള്ളിക്കാവ്.
എഴുതിയത് സജീവ് കടവനാട് സമയം July 08, 2010 0 അഭിപ്രായങ്ങള്‍
വിഭാഗം ഡോ. എം. ലീലാവതി, പലവക, വിജയന്‍ വള്ളിക്കാവ്
ഫ്രെയിമുകളിലേക്കെത്തുമ്പോള്‍
ദൈവം
കത്രീനാകൈഫിന്റെ
രൂപത്തിലായിരിക്കണേ
എന്നൊരൊറ്റ പ്രാര്‍ത്ഥനേയുള്ളൂ
എന്റെ ചങ്ങായി
നീലാണ്ടന്
കണ്ഠത്തിലെ
വിഷം മനസിലില്ല
‘ഒറ്റ സ്നാപ്പിലൊതുക്കാനാവാത്ത
ജീവിതസത്യത്തെ’
ക്യാമറാകണ്ണുള്ള
ഹൃദയത്തില്‍ നിന്നും
ചായം പുരണ്ട
ക്യാന്‍വാസിലേക്ക്
ഒളിച്ചുകടത്തും
കിറുക്കന്‍ ചങ്ങായി
ഞങ്ങള് രണ്ടാളുംകൂടി
ആന്‍ഡലസ് ഗാര്‍ഡനിലെ
പുല്ലുകൊറിക്കുമ്പോള്‍
ദേ...
ഒരു പൊട്ടക്കണ്ണന്‍ ദൈവം
കാമറാഫ്രെയിമിലേക്കങ്ങനെ
തുറിച്ചു നോക്കുന്നു
രൂപഭംഗി ഒട്ടുമില്ലാത്ത
ഒരറുബോറന്‍ ദൈവത്തെ
നമുക്കെന്തിനെന്നെന്റെ ചങ്ങായി
എന്റെ ദൈവമേ
എന്റെ ദൈവമേന്ന്
ചിലരലമുറയിട്ടു കേഴുന്നതല്ലേടാ
പുസ്തകം നെഞ്ചോടു ചേര്‍ത്തുവെച്ച്
പ്രതിഫലക്കണക്ക്
മനസില്‍ കൊറിച്ച്
വാഴ്ത്തി വാഴ്ത്തിപ്പാടുന്നതല്ലേടാ
ദൈവത്തെ രക്ഷിക്കാന്‍
വാളെടുത്തില്ലേടാ എത്രപേര്‍
ഉരുവിട്ടും ഉദ്ദരിച്ചും
വിശപ്പു മാറ്റുന്നതല്ലേടാ ചിലര്‍
കൂടെ കൂട്ടിയാല്‍ നാലുകാശ്
കൂടെപ്പോന്നാലോ എന്ന് ഞാന്‍
എല്ലാം തകിടം മറിച്ചു പഹയന്‍
ചിന്തകള്‍ക്കും മീതെ ഒരു വാമനക്രിയ
ഫ്രെയിമിലൊതുങ്ങാത്ത ദൈവത്തെ
നാലതിരുകള്‍ക്കുള്ളില്‍
ഞെരുക്കിക്കൊള്ളിച്ചു പഹയന്‍
കുതറിയും കുടഞ്ഞു മാറിയും
നില്‍ക്കക്കള്ളിയില്ലാതെ
കള്ളിക്കകത്തു നില്‍ക്കേണ്ടി വന്നു
പാവം ദൈവം.
എഴുതിയത് സജീവ് കടവനാട് സമയം September 16, 2009 5 അഭിപ്രായങ്ങള്‍
വിഭാഗം കവിത